കൂരാച്ചുണ്ട്: പഞ്ചായത്തിലെ എട്ടാം വാർഡ് മണിച്ചേരി- ഇല്ലിപ്പിലായി മലയിൽ രണ്ടു വർഷമായി പ്രദേശത്തെ കുടുംബങ്ങൾക്ക് ഭീഷണി ഉയർത്തി മലമുകളിൽ തങ്ങിനിന്ന കൂറ്റൻ പാറക്കല്ല് പൊട്ടിച്ച് നീക്കി.
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് ഇന്നലെ പാറക്കല്ല് പൊട്ടിച്ച് നീക്കിയത്. അപകടകരമായി മലമുകളിൽ തങ്ങിനിന്ന പാറക്കല്ല് പൊട്ടിച്ചു നീക്കാത്തതിനെതിരേ ഏറെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് ദീപികയിൽ നിരവധി വാർത്തകൾ വന്നിരുന്നു. 2024 ജൂൺ 27ന് രാത്രിയിലായിരുന്നു മണിച്ചേരി മലയിൽ നിന്ന് ശക്തമായ മഴയെ തുടർന്ന് കൂറ്റൻ പാറക്കല്ല് 100 മീറ്ററോളം താഴ്ചയിലേക്ക് പതിച്ചത്.
പിന്നീട് പാറക്കല്ല് മലയിൽ തങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് മലയുടെ താഴ് വാരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഏറെ ഭീഷണിയായി മാറിയതോടെ കുടുംബങ്ങളെ മുഴുവൻ മാറ്റിപ്പാർപ്പിച്ചു. പരാതിയെ തുടർന്ന് ഇതു സംബന്ധിച്ച് പഠനം നടത്താൻ ജിയോളജി വകുപ്പ്, ദേശീയ ദുരന്തനിവാരണ സേന എന്നിവർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
സന്ദർശനത്തിൽ പാറക്കല്ല് വീണ്ടും താഴേക്ക് പതിക്കാൻ സാധ്യതയുള്ളതിനാൽ പൊട്ടിച്ചു നീക്കണമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ കഴിഞ്ഞ മഴക്കാലത്തും പാറക്കല്ല് നീക്കം ചെയ്യാത്തതിനാൽ കുടുംബങ്ങൾ ഏറെ ഭീഷണിയിലായിരുന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ. മനിൽകുമാർ, വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് എന്നിവർ പാറക്കല്ല് പൊട്ടിച്ചു നീക്കാൻ മേൽനോട്ടം വഹിച്ചു. ദേശീയ ദുരന്തനിവാരണ അഥോറിറ്റിയിൽ നിന്നും അനുവദിച്ച 78,000 രൂപ ചെലവഴിച്ചാണ് പാറ നീക്കം ചെയ്യുന്നത്.